Saturday, May 29, 2010

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണട് ശ്രീ .കെ.എം.മാത്യു








ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ്, കെ.പി.സി.സി. മെമ്പര്‍, നിരവധി സമര പോരാട്ടങ്ങളുടെ നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ശ്രീ. കെ.എം. മാത്യൂ. സഹകരണം മാത്യു എന്ന അപരനാമം ഇദ്ദേഹത്തിനു ലഭിച്ചത് ആ രംഗത്തെ പ്രവര്‍ത്തനമികവിനുദാഹരണമാണ്.

ചപ്പാരപ്പടവിന്റെ ഉന്നമനത്തിനും വികസനത്തിനും എന്നും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം സ്ഥാനമാനങ്ങള്‍ക്കു പുറകെ പോകാത്ത ജനകീയ നേതാവാണ്. ചപ്പാരപ്പടവിന്റെ എല്ലാ പുരോഗതിക്കു പിന്നിലും ഇദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. ഒട്ടനവധി സഹകരണ സംഘങ്ങളുടെ രൂപീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. പലതിന്റെ നേതൃത്വചുമതലയും വഹിച്ചു. സഹകരണബാങ്ക് പ്രസിഡന്റ്, മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ്, ഖാദി സൊസൈറ്റി പ്രസിഡന്റ്, ഇടക്കോം വായനശാല പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഴം പച്ചക്കറി സഹകരണ സംഘം സ്ഥാപിച്ചതും ഇദ്ദേഹമാണ്. 17 വര്‍ഷക്കാലം തുടര്‍ച്ചയായി തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായിരുന്നു.

ചപ്പാരപ്പടവില്‍ ഒതുങ്ങി ജിവിച്ച ഒരു ദേശീയ നേതാവായിരുന്നു ഇദ്ദേഹം. മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ കൊണ്ട് നേടാന്‍ കഴിയാത്ത മഹത്വം ഇദ്ദേഹം ചപ്പാരപ്പടവിലെ ജനങ്ങളുടെ ഹൃദയത്തില്‍ നേടിയിരുന്നു. നിരവധി സമരങ്ങളുടെ നേതൃത്വപരമായ അനുഭവസമ്പത്ത് ഇദ്ദേഹത്തിനുണ്ട്. കര്‍ഷകപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡല്‍ഹിയില്‍ കര്‍ഷകമാര്‍ച്ച് നടത്തി. 1967-ല്‍ പാലുല്‍പ്പാദക കര്‍ഷകര്‍ക്കുവേണ്ടി അഞ്ചു ദിവസം നിരാഹാരസമരം നടത്തി.

1975-ല്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ 5000-ഓളം കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സാമ്പത്തിക സര്‍വ്വേയിലൂടെ ഗ്രാമത്തിന്റെ മുഖഛായ അതേരീതിയില്‍ തയ്യാറാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഡല്‍ഹിയിലെത്തി നേരിട്ട് നല്‍കി. ഈ സര്‍വ്വേ രാജ്യത്തിന് മാതൃകയാണെന്ന് അന്ന് ദിനപത്രങ്ങള്‍ എഴുതിയിരുന്നു 2002-ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ഇദ്ദേഹം കര്‍ഷക പ്രശ്നങ്ങളെ സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു. സോണിയഗാന്ധിയെയും അന്ന് സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ആന്ധ്ര, ഒറീസ, കര്‍ണ്ണാടകം, പോണ്ടിച്ചേരി, മദ്ധ്യപ്രദേശ്, യു.പി. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങള്‍ അതില്‍പ്പെടും.

രാഷ്ട്രീയത്തിനതീതമായി ഇദ്ദേഹത്തിനു സുഹൃദ്ബന്ധം ഉണ്ട്. മുപ്പത്തിയാറ് വര്‍ഷം മുമ്പുതന്നെ ഇ.കെ. നായനാരുമായി നല്ല ബന്ധമുണ്ടായിരുന്നു. കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരുമായും നല്ല ബന്ധമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു നല്ല വായനക്കാരനായ ഇദ്ദേഹത്തിന് പല സാഹിത്യകാരന്മാരുമായും ദൃഢബന്ധമുണ്ട്. ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഇടക്കോത്ത് വായനശാല സ്ഥാപിക്കുകയും അന്നുമുതല്‍ ഇന്നുവരെ അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മതപരമായും സേവനങ്ങള്‍ ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട്. പള്ളി പണിയുന്നതിനായി ഒരേക്കര്‍ സ്ഥലം വിട്ടുകൊടുത്തു. സ്കൂള്‍ സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കി. 1971-ല്‍ ഇടക്കോം ക്രൈസ്റ് നഗര്‍ സ്കൂള്‍, 1957-1960 കാലത്ത് ചെറുപുഴയില്‍ താമസിക്കുമ്പോള്‍ ജോസ്ഗിരി സ്കൂള്‍ എന്നിവ സ്ഥാപിച്ചു.

1938 ഏപ്രില്‍ പന്ത്രണ്ടിന് കച്ചോലക്കാലായില്‍ മത്തായിയുടെയും മൂലംതുരുത്തില്‍ ഏലിയാമ്മയുടെയും മകനായി തലയോലപ്പറമ്പില്‍ ജനിച്ച മാത്യു ചെറുപ്പത്തില്‍ വളരെ കഷ്ടപ്പാടു നിറഞ്ഞ ജീവിതമായിരുന്നു നയിച്ചത്. അപ്പന്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ മരിച്ചതിനാല്‍ കുടുംബഭാരം മൂത്തമകനായ ഇദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു. അതുകൊണ്ട് ഏഴാം ക്ളാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നു. മറ്റുള്ളവരെ പഠിപ്പിച്ചു വലുതാക്കി. തലയോലപ്പറമ്പില്‍നിന്നും ചപ്പാരപ്പടവിലേയ്ക്ക് കുടിയേറി. പതിനാറാം വയസ്സില്‍ നാടന്‍ പണികള്‍ ചെയ്യാനാരംഭിച്ചു. പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകി.

കലേക്കാട്ടില്‍ ത്രേസ്യാമ്മയാണ് മാത്യുവിന്റെ ഭാര്യ. ഇവര്‍ക്ക് അഞ്ചുമക്കളുണ്ട്. റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ജീവനക്കാരന്‍ മാത്യു. അംഗന്‍വാടി ടീച്ചര്‍ തങ്കമ്മ ബാബു, പാരല്‍ കോളെജ് പ്രിന്‍സിപ്പല്‍ തോമസ്, ടെയ്ലറിങ് കട നടത്തുന്ന ജിജി. മരുമക്കള്‍: സാലി, ഗ്രേസി.

ഉദ്ദേഹത്തിന് കുട്ടിയമ്മ, മറിയക്കുട്ടി, അന്നക്കുട്ടി, ജോസ്, തോമസ് എന്നീ അഞ്ചു സഹോദരങ്ങളുണ്ട്. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ഇദ്ദേഹത്തിന് സാമ്പത്തിക മികവുണ്ടാക്കാനായില്ല.

No comments:

Post a Comment

CREATED AND MAINTAIN BY ASHRAF MV SENIOR CLERK phone 9947647305